India Kerala

വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു

കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളില്‍ വില്‍ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ നിരക്ക് തുടരാനാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരം തന്നെ തുടരാനാണ് തീരുമാനമായത്. എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും ചായയ്ക്കും കാപ്പിക്കും പത്ത് രൂപയും തുടരും. ഇഡ്ഢലി, ദോശ, അപ്പം, ചപ്പാത്തി തുടങ്ങിവയ്ക്ക് എട്ട് രൂപ. എരുമേലി ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ എല്ലായിടത്തും ഏകീകൃത നിരക്കാണ് പ്രഖ്യാപിച്ചത്. നിയന്ത്രണം നടപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളിലെ മായവും അളവ് തൂക്കവും വിലയും പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. സിവില്‍ സപ്ലൈസ് ഔട്‌ലറ്റുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും പതിനൊന്ന് രൂപയ്ക്ക് കുപ്പിവെള്ളവും എത്തിക്കും. പാചകവാതക ലഭ്യതയില്‍ ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കോട്ടയത്തിന് പുറമെ, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലും സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ വിലനിയന്ത്രണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.