കാക്കനാട് ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.
ഇതേ ദിവസത്തിൽ സൺറൈസ് ആശുപത്രിയിൽ രണ്ട് പേർ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡി.എം.ഒ ക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തു. 19ന് 6 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കൽ ഓഫീസർ ഡി.എം.ഒ യ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭ്യമായതിനു ശേഷം കൂടുതൽ നടപടികൾ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് വ്യക്തമാക്കി.നിലവിൽ ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരിക്കുകയാണ്.