India Kerala

എറണാകുളത്ത് നാശം വിതച്ച് കനത്ത മഴ; വീടുകള്‍ വെള്ളത്തിനടിയില്‍, 800ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍

എറണാകുളത്ത് ഇന്നലെ പെയ്ത ശക്തമായ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് തീരദേശ മേഖലകളിലാണ്. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ തുടങ്ങിയ തീരങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. 800ലധികം ആളുകളാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് വൈപ്പിന്‍ മേഖലയിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലാണ്. നാളുകളായി ഈ പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാറുണ്ട്.

കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തത് കൊണ്ടാണ് വെള്ളം കയറാന്‍ കാരണം എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അധികാരികള്‍ തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. വര്‍ഷത്തില്‍ ഭൂരിഭാഗം സമയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ട സ്ഥിതിയാണ് ജില്ലയിലെ തിരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ളത്.