പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു. കോഴിക്കോട് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലാണ് പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും കിറ്റുകൾ വിതരണം ചെയാതെ കൂട്ടിയിട്ടിരിക്കുന്നത്. കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
പ്രളയബാധിതര്‍ക്ക് ആശ്വാസം പകരാനായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിച്ച കിറ്റുകളാണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്യാതെ നശിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ എത്തിച്ച ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യാതെ കിടക്കുന്നുണ്ട്. പ്രളയബാധിതര്‍ക്ക് കിറ്റുകള്‍ സമയത്തിന് വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തിങ്കളാഴ്ച നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിന് ശേഷം പഞ്ചായത്ത് അംഗങ്ങള്‍ മുഖേന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു.