India Kerala

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്.

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളെ അതാത് ജില്ലകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരിച്ചു പോകുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിരിച്ചുപോകുന്നവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാകില്ല.

രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. നാട്ടിലെത്തിയാൽ ക്വറന്റൈനില്‍ പോകാൻ തയാറാണെന്ന് സത്യവാങ് മൂലം നൽകണം. ഇതടക്കം യാത്രക്കാർ പാലിക്കേണ്ട മെഡിക്കൽ പ്രോട്ടോക്കോൾ അധികൃതർ പുറത്തുവിട്ടു. യാത്രക്ക് അനുമതി ലഭിച്ച ഗർഭിണികൾ, രോഗികൾ എന്നിവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാവില്ല. പ്രത്യേക സാഹചര്യത്തിൽ മാത്രമേ ഇത് പരിഗണിക്കൂ.

നാളെ രാവിലെ 11.35ന് ദോഹയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.15 ന് കൊച്ചിയിലാണ് ആദ്യവിമാനം എത്തുക. രണ്ടാമത്തെ വിമാനം വൈകീട്ട് 6.20ന് ദുബൈയിൽ നിന്ന് കോഴിക്കോട് എത്തും. 14,000 രൂപ മുതൽ 19,000 രൂപ വരെയാണ് വിമാനങ്ങൾക്ക് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.