India Kerala

കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പെന്ന് പരാതി

കോഴിക്കോട്ട് വന്‍ ഫ്ലാറ്റ് തട്ടിപ്പ്. മുന്‍കൂര്‍ പണം വാങ്ങിയിട്ടും ഫ്ലാറ്റ് കൈമാറാതെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ സ്ഥലം ഈടുവച്ച് നിര്‍മാതാവ് വായ്പയും തരപ്പെടുത്തി. തദ്ദേശ ഭരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കോഴിക്കോട് പെന്‍റഗണ്‍ ബില്‍ഡേഴ്സ് ബീച്ചിന് സമീപത്തായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ്- 32 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റിന് ആലുവ സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ സലാം 2010ല്‍ 12 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി 20 ലക്ഷം രൂപ ബാങ്ക് ലോണും. രണ്ട് വര്‍ഷത്തിനകം പണി തീര്‍ത്ത് ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് ലഭിച്ചില്ല. ബാങ്കില്‍ നിന്നുള്ള ലോണ്‍തുക നിര്‍മാതാക്കള്‍ കൈപ്പറ്റി. ഇതിന്‍റെ പലിശയും ഡോക്ടര്‍ അടച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനു പുറമേ ഈ ഫ്ലാറ്റിരിക്കുന്ന സ്ഥലം വെച്ച് നിര്‍മാതാക്കള്‍ കെ.എഫ്.സിയില്‍ നിന്നും ലോണെടുത്തിരുന്നു. ഇത് തിരിച്ചടക്കാതെ ജപ്തി നടപടി തുടങ്ങിയപ്പോഴാണ് ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ സ്ഥലമുടമ വായ്പയെടുത്ത വിവരം അറിയുന്നത്. തുടര്‍ന്ന് ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ കെ.എഫ്.സിയെ സമീപിച്ച് ലോണില്‍ ഒരു ഭാഗം അടക്കാമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ക്ക് എന്‍.ഓ.സി നല്‍കാന്‍ കെ.എഫ്.സി തയ്യാറായത്.

ഫ്ലാറ്റ് നിര്‍മാതാവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചെങ്കിലും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും വരെ കാത്തിരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഫ്ലാറ്റ് ബുക്ക് ചെയ്ത 10ല്‍ അധികം പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് കേസുകളുള്ളതിനാലാണ് ഫ്ലാറ്റുകള്‍ കൈമാറാന്‍ വൈകിയതെന്ന് പെന്‍റഗണ്‍ അധികൃതര്‍ അറിയിച്ചു.