Kerala

സ്‌കൂബാ ഡൈവർ മാത്രമല്ല, വാള്‍പ്പയറ്റുമറിയാം; രാഹുൽ ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ചു കാര്യങ്ങൾ

കൊല്ലത്ത് മീൻപിടിത്തക്കാർക്കൊപ്പം കടലിൽച്ചാടിയ രാഹുൽഗാന്ധിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം രാഹുലിനെ കോൺഗ്രസുകാർ വേഷം കെട്ടിക്കുകയാണ്, സുരക്ഷ നോക്കാതെയാണ് കോൺഗ്രസുകാർ ഈ സാഹസത്തിന് മുതിർന്നത് എന്നൊക്കെയുള്ള വിമർശങ്ങളും ശക്തമായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് രാഹുൽ കടലിലേക്ക് പോയത് എന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

യഥാർത്ഥത്തിൽ കടലിലെ നീന്തലിൽ നല്ല വൈഭവമുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ. സഹോദരി പ്രിയങ്ക ഗാന്ധി ഇതേക്കുറിച്ച് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നീന്തൽ കൂടാതെ നിരവധി കായിക അഭ്യാസങ്ങളിൽ വിദഗ്ധനാണ് രാഹുൽഗാന്ധി.

രാഹുലിന്റെ വ്യക്തിഗത മികവിനെ കുറിച്ച് അറിയേണ്ട അഞ്ചു കാര്യങ്ങൾ

1- ജപ്പാനീസ് അയോധന കലയായ ഐകിഡോയിൽ ബ്ലാക് ബെൽറ്റ് നേടിയ മാസ്റ്ററാണ് രാഹുൽ. ഇതിന്റെ ചിത്രങ്ങൾ ഒരിക്കൽ രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ന്യൂഡൽഹിയിൽ ഒരു ബിസിനസ് പുരസ്‌കാര വേദിയിൽ ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർസിങിനോട് സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞിരുന്നത്. 2013ലാണ് രാഹുൽ ഐകിഡോയിൽ ബ്ലാക് ബെൽറ്റ് എടുത്തത്.

2- ബ്രസീലിലെ സ്വയം പ്രതിരോധ അയോധനകലയായ ജിയു ജിത്സുവിലും രാഹുൽ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഐകിഡോ കോച്ച് സെൻസായി പരിതോസ് കാർ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

3- വാൾപ്പയറ്റിലും നിപുണനാണ് രാഹുൽ. 2017ൽ നൽകിയ അഭിമുഖത്തിൽ പരിതോസ് കർ തന്നെയാണ് ഇക്കാര്യവും പറഞ്ഞത്.

4- സ്‌കൂബാ ഡൈവ് മാസ്റ്ററാണ് രാഹുൽ. കോളജിൽ പഠിക്കുന്ന കാലത്താണ് ഇൻസ്ട്രക്ടറായിരുന്നു. 38 മീറ്റർ ഫ്രീഡൈവ് ചെയ്യാൻ പറ്റും എന്നാണ് രാഹുൽ പറഞ്ഞത്. ഒരുപാട് കാലം ഇതു ചെയ്തിട്ടുണ്ടെന്നും രാഹുൽ വ്‌ളോഗർ സെബിൻ സിറിയകുമായി നടത്തിയ സംസാരത്തിൽ പറയുന്നു.

5- പർവതാരോഹണ കോഴ്‌സും രാഹുൽ പൂർത്തിയാക്കിയിട്ടുണ്ട്. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ക്വാളിഫൈഡ് പൈലറ്റ് കൂടിയാണ് രാഹുൽ എന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.