എറണാകുളം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിയമോപദേശം തേടുമെന്ന് നഗരസഭാ കൗണ്‍സില്‍. ഫ്ലാറ്റ് ആര് പൊളിച്ചു നീക്കണമെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉപദേശവും തേടും.
സംസ്ഥാന സര്‍ക്കാരാണോ, മരട് നഗരസഭയാണോ പൊളിച്ച് നീക്കേണ്ടത് എന്ന കാര്യമാണ് പ്രധാനമായും ആരായുക. കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
അതേസമയം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ആവശ്യം തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്.