സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൂടുതൽ ജില്ലകളെ സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ( five districts in c category )
ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സി കാറ്റഗറിയിൽ നാല് ജില്ലകളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്.
സി കാറ്റഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.
അതേസമയം, സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ഉടമകൾ പ്രതികരിച്ചു. അടച്ചിടലിലൂടെയുണ്ടാവുന്ന നഷ്ടം താങ്ങാനാവാത്തതാണെന്നും തീയറ്റർ ഉടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും തിരുവനന്തപുരം പത്മനാഭ തീയറ്റർ ഉടമ ഗിരീഷ് 24നോട് പറഞ്ഞു.
ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തീയറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. 250 പേരാണ് ഒരു സിനിമ ഫുൾ ആയാൽ തീയറ്ററിൽ കേറുന്നത്. അത്രയും ആളുകൾ മാത്രം കേറുന്ന തീയറ്ററുകൾ അടച്ചിടുന്നു. ഒരു ദിവസം ഏകദേശം 75000ഓളം ആളുകൾ കേറുന്ന മാളുകൾ തുറന്നിടുന്നു. അതിൽ അശാസ്ത്രീയതയുണ്ട്. തീരുമാനം സർക്കാർ പുനപരിശോധിക്കുമെന്ന് കരുതുന്നു എന്നും ഗിരീഷ് പറഞ്ഞു.