ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ സനീഷ് , രമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിയെ മധുരയിൽവച്ച് പിടികൂടിയപ്പോൾ എടുത്ത ഫോട്ടോ പുറത്ത് പോയതിൽ എസ്.പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്.പിയുടെ വിമർശനം. വിവരങ്ങൾ പുറത്തായതോടെ എസ്.പി വാർത്താസമ്മേളനവും ഒഴിവാക്കി. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
അനൂപ് മോനെതിരെ വകുപ്പ് തല നടപടിക്കും എസ്.പി കെ.ബി വേണുഗോപാല്‍ ശിപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മധ്യ മേഖല ഐ.ജിക്ക് കൈമാറി. സംഭവത്തില്‍ മൂന്നാര്‍ ഡി.വൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് ചിന്നക്കനാലില്‍ നടുപ്പാറ എസ്റ്റേറ്റ് ഉടമ രാജേഷിനേയും മുത്തയ്യയ്യേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ബോബിന്‍ റിമാന്‍ഡിലാണ്.