നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാതലവനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുന്പില് ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേസിലെ നാല് മുതല്‍ ഏഴ് വരെ പ്രതകളെയാണ് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുഡ്സംഗത്തിലെ അംഗങ്ങളായ അഖില്‍, നിഖില്‍, അരുണ്‍, ജസ്റ്റിന്, ജിജീഷ് എന്നിവരാണ് പിടിയിലായവര്‍. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടും.
പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവദിവസം രാവിലെ അഖിന്റെ വീട്ടില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി രാത്രി ബിനോയിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളായ വിനു വിക്രമന്, ലാല്‍ കിച്ചു, ഗ്രിന്റേഷ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ശക്തമാക്കിയിട്ടുണ്ട്.