India Kerala

അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ നാവിസേന രക്ഷപ്പെടുത്തി

മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ശാരദ എന്ന കപ്പലിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.

ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നത്.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ മനോഹരന്‍, സുരേന്ദ്രന്‍, ചന്ദ്രന്‍, സുരേഷ്, വാസവന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മനോഹരന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്.

മത്സ്യബന്ധന ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളും ബോട്ടിനകത്ത് ഉണ്ടായിരുന്നില്ല. നാവികസേനയുടെ കൃത്യമായി ഇടപെടല്‍ കൊണ്ടാണ് ഇവരുടെ ജീവന്‍ രക്ഷിക്കാനായത്.

26 വര്‍ഷം മുന്‍പു നാവികസേന സ്വന്തമാക്കിയതാണ് ‘ശാരദ’ എന്ന തീരദേശ നിരീക്ഷണക്കപ്പല്‍. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിരീക്ഷണത്തിനും ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയും നിയോഗിക്കാറുണ്ട്. ഓഖി ചുഴലിക്കാറ്റിറ്റിന്റെ സമയത്ത് 21 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ചരിത്രവുമുണ്ട് കപ്പലിന്.