India Kerala

മത്സ്യതൊഴിലാളികള്‍ക്ക് ഫ്ളാറ്റ്; വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രതിഷേധം

മത്സ്യതൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി തിരുവനന്തപുരം വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രദേശവാസികള്‍. ബംഗ്ലാദേശ് ഓടക്കര നിവാസികള്‍ ഉള്‍പ്പെടെ പ്രദേശത്തെ ഭൂരഹിതര്‍ക്ക് വീട് നല്‍കാതെയാണ് പുറത്തുള്ളവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് പരാതി.

പ്രദേശത്തെ ഏക കളിസ്ഥലം കൂടിയാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. ഓടക്കര കോളനിയിലെ വികലാംഗ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

പ്രിയദര്‍ശിനി നഗറില്‍ ഉള്ളവര്‍ ഉള്‍പ്പെടെ എണ്ണൂറോളം അപേക്ഷകള്‍ ലൈഫ് പദ്ധതിക്കായുണ്ട്. ഇത് മറികടന്നാണ് മത്സ്യതൊഴിലാളികളുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനായി ഈ ഭൂമി ഫീഷറീസ് വകുപ്പ് ഏറ്റെടുത്തത്. ഫ്‌ളാറ്റ് നിര്‍മാണത്തിന് ശിലാസ്ഥാപനവും കഴിഞ്ഞു. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികള്‍.

പ്രദേശത്തുകാരുടെ ഭവന നിര്‍മാണത്തിനും ബാക്കി സ്ഥലം കളിസ്ഥലവുമായി നിലനിര്‍ത്തണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.