Kerala

വലിയഴീക്കൽ ബോട്ടപകടം; രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കും: മന്ത്രി സജി ചെറിയാന്‍

വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ ഉണ്ടായ പരാതി പരിശോധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കോസ്റ്റൽ പൊലീസിനെതിരെ ഉയർന്ന ആരോപണം ശ്രദ്ധയിൽ വന്നിരുന്നില്ലെന്നും പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ പ്രതികരണം ലഭിച്ചില്ലെന്നും പൊലീസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആരോപിക്കുന്നു.

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് പേരാണ് മരിച്ചത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവർ.