‘കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്’… ഇടക്കിടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിടുന്ന മുന്നറിയിപ്പാണിത്. എന്നാൽ മുന്നറിയിപ്പുകൾ മറികടന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകും. പലപ്പോഴും അപകടത്തിൽ പെടും. മുതലപ്പൊഴിയിൽ ഈമാസമുണ്ടായ ബോട്ടപകടമുണ്ടായ ദിവസവും മുന്നറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പുകൾ മറികടന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതെന്ത് എന്തുകൊണ്ടാണ്? ഉത്തരം നിസാരമാണ്. പട്ടിണി, വിശപ്പ്, ഒറ്റവാക്കിൽ ഗതികേടുകൊണ്ടാണ് ഇവരീ സാഹസത്തിന് മുതിരുന്നത്.
മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം സർക്കാരിന് മുന്നിലെത്തിയിട്ട് വര്ഷങ്ങളായി.
മത്സ്യത്തൊഴിലാളികളുടെ മിനിമം വേതന ആവശ്യത്തിൽ ഉദാസീനത തുടർന്ന് സർക്കാർ. കാലവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യബന്ധന വിലക്കിൽ സഹായം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടിനാൽ മുന്നറിയിപ്പ് ലംഘിച്ച് കടലിൽ പോയ ഇരുപതിലേറെ മത്സ്യതൊഴിലാളികളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചത്. വിഴിഞ്ഞം സമരക്കാരുമായുള്ള ചർച്ചയിലടക്കം സഹായം ഉറപ്പുനൽകിയെങ്കിലും നടപടി ഒന്നുമായിട്ടില്ല.
വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. പലതും പഠിച്ചട്ടും റിപ്പോർട്ടുകൾ പലതും നൽകിയിട്ടും മൽസ്യത്തൊഴിലാളികയുടെ ദുരിതത്തിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല. തീരദേശവാസികളോടുള്ള സർക്കാർ സമീപനം വാഗ്ദാനങ്ങളിൽ നിന്നും നടപടികളിലേക്ക് കടന്നെ തീരൂ.