ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. റോക്കറ്റ് വർഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപെട്ടെത്തിയതെന്നും തീർത്ഥാടകർ ട്വന്റിഫോറിനോട് പറഞ്ഞു. ( first batch of malayalee pilgrims from israel reached kochi )
‘ഞങ്ങൾ ശനിയാഴ്ച രാവിലെ ബെദ്‌ലഹേമിൽ നിന്ന് ഈജിപ്റ്റിലേക്ക് പുറപ്പെടുമ്പോഴാണ് ഈ സംഭവം അറിയുന്നത്. യാത്രാ മധ്യേ ഞങ്ങളെ പട്ടാളക്കാർ തടഞ്ഞു, നിങ്ങൾ സുരക്ഷിതരല്ലെന്ന് പറഞ്ഞു. ബദ്‌ലഹേമിൽ വന്ന് വേറെ ഒരു ഹോട്ടലിൽ താമസിച്ചു. അവിടെ നിന്ന് മിസൈൽ പോവുന്നതും തകർന്ന് വീഴുന്നതെല്ലാം കാണാമായിരുന്നു’ – തീർത്ഥാടകൻ പറഞ്ഞു.
ബദ്‌ലഹേമിൽ കാര്യമായ പ്രശ്‌നമില്ല. ഗാസയിലാണ് ഏറ്റവും പ്രശ്‌നമെന്നും തീർത്ഥാടന സംഘാംഗം ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങൾ താമസിച്ച ഹോട്ടലിൽ മറ്റൊരു മലയാളി സംഘമുണ്ടായിരുന്നുവെന്നും അവർ അവിടെ നിന്ന് പോന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.