India Kerala

പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ഡിസംബർ 17-ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്… പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ 17 ന് പ്രഖ്യാപിച്ച ഹർത്താലുമായി മുസ്‌ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ(പ്രസിഡണ്ട്) പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി) മുസ്‌ലിം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം, 35-ഓളം സംഘടനകൾ സംയുക്തമായി നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന ഫിറോസിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അണികളിൽ നിന്നടക്കം പ്രതിഷേധം ഉയരുന്നുണ്ട്. ലീഗിന്റെ സജീവപ്രവർത്തകരടക്കം നിരവധി പേർ ഫിറോസിന്റെ പോസ്റ്റിനു കീഴിൽ പ്രതിഷേധം രേഖപ്പെടുത്തി.

നേരത്തെ ദേശീയ പൌരത്വ ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ലീഗിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.