India Kerala

പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ; സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട്

തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ. പൊലീസ് അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തും. സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു.

ഗുരുതര പരിക്കേറ്റത് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ്. ഇതിലൊരാളാണ് മരിച്ചത്. ആകെ 25 പേർക്ക് പരുക്കേറ്റു. ഇതിൽ 18 പേർ സർക്കാർ ആശുപത്രികളിലാണ്. 7 പേർ സ്വകാര്യ ആശുപത്രിയിൽ. മെഡിക്കൽ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

ബലക്ഷയം പറ്റിയ കെട്ടിടങ്ങളിൽ ആളുകൾ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കെട്ടിടത്തിൻ്റെ സമീപത്തേക്കും പോകരുതെന്ന് മൈക്ക് അനൗൺസ്മെൻ്റിലൂടെ പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ ഡേ കെയറിന്റെ മേൽക്കൂര തകർന്നു. സംഭരണശാല നിൽക്കുന്ന സ്ഥലം ക്ഷേത്രത്തിൻ്റേതാണ്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് പേരാണ് കസ്റ്റഡിയിൽ ഉള്ളത്.