ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഫയർ ഫോഴ്സ് കാഴ്ചവച്ചത്. തീയും പുകയും നിയന്ത്രണവിധേയം ആക്കുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. മരണത്തെ മുഖാമുഖം കണ്ട ആ ദിനം ഇന്നും ബാബുവിന്റെ ഓർമ്മയിൽ ഉണ്ട്.
ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കൽ ദൗത്യത്തിനിടെ രാത്രി 12 മണിയോടെയാണ് എറണാകുളം ഗാന്ധിനഗർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസറായ ബാബു അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം റീജണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ വാട്ടർ പമ്പ് കേടായതിനെ തുടർന്ന് സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.ഹോം ഗാർഡുകൾ കൊപ്പം പോയ ബാബു വഴി പരിശോധിക്കാൻ ടോർച്ച് തെളിച്ച് മുന്നോട്ടു നീങ്ങവേ ചതുപ്പിലേക്ക് അകപ്പെടുകയായിരുന്നു. കഴുത്തൊപ്പം ചതുപ്പിൽ മുങ്ങിത്താന്ന ബാബുവിനെ ഹോസ് എറിഞ്ഞു കൊടുത്താണ് തിരിച്ചു കയറ്റിയത്
‘വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യം പൊങ്ങി കിടക്കുന്നതിനാൽ അത് സാധാരണ പാത പോലെയാണ് തോന്നിയത്. എന്നാൽ കാൽ വച്ചപ്പോൾ അബദ്ധം മനസിലായി’ ബാബു പറയുന്നു. മലിനജലം ചെവിയിലും മൂക്കിലും കയറാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ബാബു പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട് പക്ഷേ മരണത്തെ മുഖാമുഖം കണ്ടത് ഇതാദ്യമായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ അപകടങ്ങൾ ഉണ്ടാവുക പതിവാണെന്നും സധൈര്യം അതിനെ നേരിട്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും എന്നും ബാബു പറയുന്നു.