പ്രളയം നാശം വിതച്ച കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമ്പോഴും ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്‍റെ സഹായഹസ്തവുമായി ഫയര്‍ഫോഴ്സ് ജീവനക്കാരും. കേരളത്തിലെ 124 ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമായി ദുരിതമേഖലകളിലേക്ക് കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ ടീമിന്‍റെ പ്രത്യേക വാഹനം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. മറ്റ് ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളും സാധനസാമഗ്രികളുമായി യാത്രയില്‍ ഒപ്പം ചേരും.
ദുരന്തനിവാരണ ഡ്യൂട്ടിക്ക് നില്‍ക്കുന്ന 2000 ഉദ്യോഗസ്ഥരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരും ഇതിലേക്കായി സഹായം നല്‍കിയെന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഫയര്‍ സര്‍വീസ് ചീഫ് എ. ഹേമചന്ദ്രന്‍ പറഞ്ഞു. ഫയര്‍ ഫോഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സാധനങ്ങള്‍ സമാഹരിച്ചത്. ദുരന്തസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അക്കൌണ്ട് വഴിയാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്.
മഴക്കെടുതി രൂക്ഷമായത് മുതല്‍ സംസ്ഥാന ഫയര്‍ ഫോഴ്സ് ദുരന്ത നിവാരണ ജോലികളിലാണ്.