കൊച്ചി ബ്രോഡ് വേയിലെ വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം . നൂൽ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയർ സൌമിനി ജയിന്‍ അറിയിച്ചു.
ഇന്ന് രാവിലെ 9 മണിയോടു കൂടിയാണ് കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബ്രോഡ് വേയിൽ തീപിടിത്തം ഉണ്ടായത്. നൂൽ മൊത്തവ്യാപാര സ്ഥാപനത്തിലുണ്ടായ തീ തൊട്ടടുത്ത മൂന്ന് സ്ഥാപനങ്ങളിലേക്ക് പടർന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലെ തീ ഉടൻ നിയന്ത്ര വിധേയമാക്കാനായെങ്കിലും നൂൽ മൊത്ത വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനമെങ്കിലും തീ പിടിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയർ പറഞ്ഞു. തിരക്കേറിയ ബ്രോഡ് വേയിലെ ഇടുങ്ങിയ വഴി കാരണം കൂടുതൽ ഫയർ എഞ്ചിനുകൾക്ക് സംഭവസ്ഥലത്ത് എത്താനായില്ല. വിവിധ ട്രേഡ് യൂണിയൻ തൊഴിലാളികളും ഫയർഫോഴ്‌സുകാർക്കൊപ്പം തീയണക്കാൻ സഹായിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഉടൻ മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.