മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുകയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിട്ട് നിലപാടെടുക്കാനാണ് കേരളത്തിന്റെ നീക്കം. അതുവരെ പിഴ ഈടാക്കാതെ ബോധവൽകരണം തുടരും. ഉത്തരവ് ഇറങ്ങിയാലേ വ്യക്തത വരൂ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതോടെ കേന്ദ്രം അയഞ്ഞതിൽ കേരളം ആശ്വാസത്തിലാണ്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള സാധ്യത കേരളം തേടുന്നതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പ്രസ്താവന വരുന്നത്. എന്നാൽ എത്തരത്തിൽ ഇനി നിയമം നടപ്പാക്കണമെന്നത് സംബന്ധിച്ച വ്യക്തത ഉണ്ടായിട്ടില്ല. അതിനാൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ഉത്തരവായി വരട്ടെയെന്നാണ് സംസ്ഥാന സർക്കാർ തലത്തിലെ പ്രാഥമിക ധാരണ.
പിഴത്തുക കുറക്കുന്നത് സംബന്ധിച്ച് എങ്ങനെ ധാരണയാകാമെന്നതാകും സംസ്ഥാനം പ്രധാനമായും പരിഗണിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ നേരത്തേ തന്നെ സംസ്ഥാന സർക്കാർ ഗതാഗത സെക്രട്ടറിയെ ചുമലപ്പെടുത്തിയിരുന്നു. ഓണാവധികൾ കഴിയുന്നതോടെ ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാവും സംസ്ഥാനം തീരുമാനത്തിലെത്തുക.