Kerala

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ട്രഷറി നിയന്ത്രണം മേയ് 10 വരെ തുടരും

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ട്രഷറിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. കടങ്ങളുടെ തിരിച്ചടിവിനായി ഏപ്രില്‍ ആദ്യം കൂടുതല്‍ തുക മാറ്റിവച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ട്രഷറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്‍ പാസാക്കുന്നതിനാണ് നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് ധന അഡീഷണല്‍ ചീഫ്‌സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്കെഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അടുത്ത മാസം 10 വരെ നിയന്ത്രണം തുടരും .

സാമ്പത്തികവര്‍ഷാവസാനം ട്രഷറി നിയന്ത്രണം പതിവാണെങ്കിലും ഇത്തവണ ആദ്യമാസം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണു ശമ്പളവും പെന്‍ഷനും അടക്കം നല്‍കാന്‍ ഓരോ മാസവും സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്. എന്നാല്‍, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അടുത്തമാസം മുതലാണു സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കല്‍ ആരംഭിക്കുക.

മേയില്‍ 4 തവണകളായി 5,000 കോടി രൂപയും ജൂണില്‍ 2 തവണകളായി 3,000 കോടിയും കടമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കലാണു സര്‍ക്കാരിനു മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇതു നിറവേറ്റാനാണ് 25 ലക്ഷത്തിനു മേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ട്രഷറികള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.