Kerala

ഉത്തരവ് നേരത്തെ ഇറക്കും; ശമ്പള പരിഷ്കരണം ഏപ്രിൽ മുതല്‍ നിലവിൽ വരുമെന്നും ധനമന്ത്രി

ശമ്പള പരിഷ്കരണ ഉത്തരവ് നേരത്തെ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഉത്തരവിറക്കാൻ കഴിയാത്തിനാലാണ് നേരത്തേ ഉത്തരവ് ഇറക്കുന്നത്. ഏപ്രിൽ മുതലായിരിക്കും ശമ്പള പരിഷ്കരണം നിലവിൽ വരിക. ബജറ്റിന്‍റെ മറുപടി പ്രസംഗത്തിൽ 498 കോടിയുടെ പുതിയ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

ശമ്പള പരിഷ്കരണം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍ വരുത്താനുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ളത്. ശമ്പളപരിഷ്കരണം ബജറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഈ ഉത്തരവ് ഇറക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത് ഏപ്രില്‍ 15 ന് ശേഷം തെരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് ശമ്പളപരിഷ്കരണ ഉത്തരവ് നേരത്തെ ഇറക്കുമെന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ മുതലായിരിക്കും ഇത് നിലവില്‍ വരുന്നത്.

ബജറ്റിന്‍റെ മറുപടി പ്രസംഗത്തില്‍ പുതിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി തോമസ് ഐസകിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 498 കോടിയുടെ പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം 7500 പുതിയ വീടുകള്‍ തീരദേശത്ത് നിര്‍മ്മിച്ച് നല്‍കും. യു ജി സി ശമ്പള പരിഷ്കരണം നടപ്പാക്കും, അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ പെൻഷൻ 2000 ൽ നിന്ന് 2500 ആക്കി, ഖാദിക്ക് വകയിരുത്തിയിരുന്ന തുക 14 നിന്ന് 20 കോടിയാക്കി, അക്കിത്തത്തിന് ജന്മനാട്ടിൽ സ്മാരകം, പുലികളിക്ക് സാമ്പത്തിക സഹായം, പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും, ആലപ്പുഴയിൽ ദേശിയ റോവിങ് അക്കാദമി സ്ഥാപിക്കും, ആചാര സ്ഥാനീയരുടെ ആനുകുല്യം വർധിപ്പിക്കും എന്നും ധനമന്ത്രി അറിയിച്ചു. രോഗികളുടെ പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.