Kerala

‘ക്ലബിന്റെ ഇംഗ്ലിഷ് അർത്ഥമല്ല ചോദിച്ചത്, താരസംഘടന സ്വകാര്യ സ്വത്തല്ല’; ​ഗണേഷ് കുമാർ

നടൻ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് പറയണം. ‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ പ്രസ്താവ. ക്ലബെന്ന പരാമർശം ഇടവേള ബാബു നടത്തുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മോഹൻലാലിന് കത്ത് നൽകുമെന്നും ഗണേഷ് കുമാർ. ക്ലബ്ബിൻ്റെ ഇം​ഗ്ലീഷ് അർത്ഥം പഠിപ്പിക്കുന്നതിന് മുമ്പ്, അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെ അല്ല ബിനീഷ് കോടിയേരിയുടേത്. സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടക്കുമ്പോൾ ആ യോ​ഗത്തിൽ താൻ ഉണ്ടായിരുന്നില്ല. വിജയ് ബാബു സ്വയം രാജിവയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണമെന്നും ഗണേഷ് കുമാർ ആവർത്തിച്ചു.