26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ചേരും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയ ഹാളില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. പതിനാല് സ്ക്രീനുകളിലായി 200 ഓളം ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കും. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം 50% പ്രേക്ഷകരെ മാത്രമേ തിയറ്ററുകളിൽ അനുവദിക്കു എങ്കിൽ പ്രതിനിധികളുടെ എണ്ണം കുറയും. കൊവിഡ് വ്യാപനം നന്നേ കുറഞ്ഞാൽ മാർച്ച് രണ്ടാം വാരം മുതൽ തിയറ്ററുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി സർക്കാരിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര അക്കാദമി.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.