പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. പ്രദേശത്തെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ വാച്ചാല്‍ പാടശേഖരത്തിലാണ് രാത്രിയില്‍ ടിപ്പറുകളില്‍ മണ്ണടിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാടശേഖരം മണ്ണിട്ട് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
25 ഏക്കറിലധികം വരുന്ന പാടശേഖരമാണ് വാച്ചാല്‍ പാടശേഖരം. ഇതില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കര്‍ പാടശേഖരമാണ് നികത്താന്‍ ശ്രമം നടക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ പാടശേഖരം നേരത്തെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ നികത്തിയിരുന്നു. രാത്രിയുടെ മറവില്‍ ടിപ്പറുകളില്‍ പാടശേഖരത്ത് മണ്ണിടിച്ചത് നാട്ടുകാര്‍ തടഞ്ഞു. ഒരു കൊല്ലം മുന്‍പ് വരെ വിളവിറക്കിയ പാടശേഖരമാണിത്. 15 വര്‍ഷം മുന്‍പ് നല്‍കിയതായി പറയുന്ന അനുമതിയുടെ പേരിലാണ് പാടശേഖരം നികത്താന്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രളയ സമയത്ത് പ്രദേശത്തെ വീടുകളിലേക്ക് ഇരച്ചെത്തിയ വെള്ളത്തെ ഒരു പരിധിയെങ്കിലും തടഞ്ഞ് നിര്‍ത്താന്‍ സഹായകമായത് ഈ പാടശേഖരമുള്ളത് കൊണ്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. വാച്ചാല്‍ പാടശേഖരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ കലക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ പാടശേഖര സമിതി തീരുമാനമെടുത്തിട്ടുണ്ട്.