India Kerala

ഫാത്തിമയുടെ മരണത്തില്‍ അന്വഷണം വേഗത്തിലാക്കണം

മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമയുടെ മരണത്തിൽ വേഗത്തിൽ നടപടി ആവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കുമെന്ന് ചിന്താബാർ സംഘടന. ഐഐടിയിലെ വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ട സംഘടനയാണിത്. ആരോപണ വിധേയരായവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഫാത്തിമയുടെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം ആരംഭിക്കുമെന്ന് സാംസ്കാരിക കൂട്ടായ്മയായ ചിന്താബാർ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഐഐടി ഡയറക്ടർക്ക് നൽകിയ കത്തിൽ തീരുമാനം വേഗത്തിലാക്കണം.

അതുണ്ടായില്ലെങ്കിൽ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നാണ് പ്രഖ്യാപനം. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നിരവധി തെളിവുകൾ ഇതിനകം തന്നെ അന്വേഷണ സംഘത്തിന് ഫാത്തിമയുടെ കുടുംബം തന്നെ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ സുദർശൻ പത്മനാഭൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. സമൻസ് നൽകി അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടേക്കും. മരണത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ആർ.സുബ്രഹ്മണ്യം ഇന്നലെ ചെന്നൈയിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയിരുന്നു.