മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മദ്രാസ് ഐ.ഐ.ടി വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന് ഐ.ഐ.ടി ഡീൻ അറിയിച്ചു.
ഡയറക്ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു.
ഫാത്തിമയുടെ മരണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുക, വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് ബാഹ്യ ഏജൻസിയെ നിയോഗികുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ കാമ്പസിൽ നിരാഹാര സമരം തുടങ്ങിയത്. വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘ചിന്താബാർ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം തുടങ്ങിയത്. മലയാളികളായ അവസാനവർഷ ഹ്യുമാനിറ്റീസ് വിദ്യാർഥി അസർ മൊയ്തീൻ, ഗവേഷണ വിദ്യാർഥി ജസ്റ്റിൻ തോമസ് എന്നിവരാണ് സമരം ആരംഭിച്ചത്.