ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തു. മർദ്ദന വിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദില്‍ ഖബറടക്കി.
കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു 12.30 ഓടെ കുഞ്ഞിനെ മറവ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുളള മാതാപിതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണെന്ന് ഝാര്‍ഖണ്ഡില്‍ എത്തി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിവാഹരേഖയും പ്രസവവിവരങ്ങളും ഝാര്‍ഖണ്ഡില്‍ നിന്ന് ലഭിച്ചു . ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചിരുന്നെങ്കിലും പിന്നീട് പരിശോധന വേണ്ടെന്ന് വച്ചു. ഇതോടെയാണ് ഇവര്‍ക്ക് കുഞ്ഞിനെ കാണാന്‍ അവസരമൊരുക്കിയത്.
കസ്റ്റഡിയിലെടുത്ത സമയത്തും കുഞ്ഞിന്റെ മരണവിവരം അറിഞ്ഞപ്പോഴും നിര്‍വികാരയായി കാണപ്പെട്ട അമ്മ പക്ഷെ ആശുപത്രിയിലെത്തി മൃതദേഹം കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് ഇന്നലെ കേസ് എടുത്തിരുന്നു. ബുധനാഴ്ചയാണ് ബുധനാഴ്ചയാണ് തലക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയിൽ എത്തിച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രി അധികൃതരോട് മാതാപിതാക്കൾ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.