Kerala

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിൽ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.

തട്ടിപ്പിനരയായ മുഴുവൻ പേരുടെയും പണം തിരികെ ലഭിക്കുന്നതിനായി നടത്തിവരുന്ന സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. തട്ടിപ്പിൽ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാല് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന എംസി കമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ എന്നിവരിൽ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിൻറെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ എസ്പിക്ക് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഡയറക്ടർമാരുടെ വീട്ടു പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.

രണ്ടായിരത്തി ഇരുപത് ജൂൺ മാസത്തിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ, കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു ഡയറക്ടറായ പൂക്കോയ തങ്ങളുടെ മകൻ ഇഷാം ഇപ്പോഴും ഒളിവിലാണ്.

കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽ നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.