Kerala

സര്‍ക്കാര്‍ ഉറപ്പുകളെല്ലാം പാഴായി; കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാന്‍ കുട്ടനാട് നോക്കിയാല്‍ മതി. കുട്ടനാട്ടില്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കണം. കൃത്യസമയത്ത് കര്‍ഷകര്‍ക്ക് കൊയ്ത്തുയന്ത്രവും കിട്ടുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെല്‍കൃഷി നശിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പത്തേക്കറോളം നെല്‍കൃഷി നശിക്കുകയും ബാങ്ക് വായ്പ് തിരിച്ചടയ്ക്കാനാകാത്തതും മൂലം പത്തനംതിട്ട തിരുവല്ലയില്‍ ഇന്നലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. നെല്‍കൃഷി നശിച്ചെങ്കിലും നിസാര നഷ്ടപരിഹാര തുക മാത്രമാണ് കര്‍ഷകന് ലഭിച്ചത്. മരിച്ച രാജീവിന്റെ വീട്ടില്‍ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് സന്ദര്‍ശനം നടത്തും. അതേസമയം സര്‍ക്കാര്‍ സില്‍ലര്‍ ലൈനിന്റെ പിന്നാലെ പോകുന്നതെന്നും പിണറായി സര്‍ക്കാര്‍ ബൂര്‍ഷ്വകള്‍ക്കൊപ്പമാണോ കര്‍ഷകര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.