HEAD LINES Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍

രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. (Farmers in Kuttanad are in distress as paddy fields flooded with rainwater)

130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് ദിവസം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇനി കൊയ്താലും പകുതി വിളവ് പോലും കിട്ടുമെന്ന് തോന്നുന്നില്ലെന്നും വെള്ളവുമായി കുഴഞ്ഞ് നെല്ല് നശിച്ചുപോകാനാണ് സാധ്യതയെന്നും കര്‍ഷകര്‍ വിലയിരുത്തുന്നു. ഇനിയും മഴ തുടരുകയാണെങ്കില്‍ നെല്ല് പൂര്‍ണമായും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കന്നി മാസത്തില്‍ ഈ സമയത്ത് മഴ കാണില്ലെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍. മഴ മാറിനില്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് രണ്ട് ദിവസം കഴിഞ്ഞ് വിളവെടുപ്പിന് കര്‍ഷകര്‍ തയാറെടുത്തത്. പക്ഷേ അപ്രതീക്ഷിതമായി തോരാമഴയെത്തിയതോടെ ഇവരുടെ പ്രതീക്ഷകളും വെള്ളത്തിലായി. പാടങ്ങളില്‍ വെള്ളം നില്‍ക്കുന്നത് ഇനി അടുത്ത് ചെയ്യാനിരിക്കുന്ന കൃഷിയേയും ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ഇന്നും ആലപ്പുഴ ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ജില്ലയില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.