ഉത്പന്നങ്ങള്‍ സംഭരിച്ച ഹോര്‍ടികോര്‍പ് നാല് മാസമായി കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല
വിളകള്‍ക്ക് പണം ലഭിക്കാതെ സംസ്ഥാനത്തെ പച്ചക്കറി-പഴം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്പന്നങ്ങള്‍ സംഭരിച്ച ഹോര്‍ടികോര്‍പ് നാല് മാസമായി കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികക്ക് കാരണമെന്ന് ഹോര്‍ട്ടികോര്‍പ്പിന്‍റെ വിശദീകരണം.
2017 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാര ജേതാവാണ് തങ്കരാജ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തങ്കരാജിന് ഹോര്‍ട്ടികോര്‍പ്പ് കൊടുക്കാനുള്ളത് രണ്ട് ലക്ഷം രൂപ. ഫെബ്രുവരിക്ക് ശേഷം നയാ പൈസ കിട്ടിയില്ല. ലോക്ഡൌണ്‍ മൂലം ഉത്സവ-കല്യാണ സീസണുകള്‍ നഷ്ടമായതോടെ 8 ഏക്കറിലെ വാഴകൃഷി നഷ്ടത്തിലായി. നിലവില്‍ 8 ലക്ഷം രൂപ കടക്കാരനായിട്ടും തങ്കരാജ് വീണ്ടും കടം വാങ്ങി കൃഷിയിറക്കി. മഴയില്‍ വെള്ളം കയറി വീണ്ടും നഷ്ടം. പക്ഷെ വിത്തിറക്കാതെ പറ്റില്ലല്ലോ, അതിനാല്‍ കള പറിച്ച് കൂലി കടം പറഞ്ഞ് കൃഷിയുമായി മുന്നോട്ട്.
നെടുമങ്ങാട് മാത്രം 66 ലക്ഷം രൂപയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാനത്താകെ നാല് കോടി രൂപ കുടിശ്ശികയെന്ന് ഹോര്‍ട്ടികോര്‍പ്പിന്‍റെ തന്നെ കണക്ക്. സര്‍ക്കാര്‍ വിപണി ഇടപെടലിനായി ഹോര്‍ട്ടികോര്‍പ്പിന് പണം അനുവദിക്കാത്തതാണ് കുടിശ്ശികക്ക് കാരണം. കമ്യൂണിറ്റി കിച്ചനിലേക്കും ക്യാമ്പുകളിലേക്കും സംഭരിച്ച് നല്‍കിയ വകയില്‍ രണ്ട് കോടിയോളം രൂപ കിട്ടാനുണ്ടെന്നും ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറയുന്നു.