പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ നാസർ മങ്കര. കൃഷി വകുപ്പിന്റെ ‘ആത്മ’ പദ്ധതി പ്രകാരം നടത്തിയ പരീക്ഷണ കൃഷിയാണ് വൻ വിജയമായത്. വടക്കാഞ്ചേരി മേലേതിൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു.
120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ‘ലാല്‍ഗോട്ര’ എന്ന നെല്ലിനം കേരളത്തിൽ ആദ്യമായി കൃഷി ചെയ്തത് മേലേതിൽ പാടശേഖരത്തിലാണ്. പരമ്പരാഗത നെല്ലിണങ്ങളായ ഉമ്മ, പൊന്മണി എന്നിവയെ അപേക്ഷിച്ച് ഇരട്ടി വിളവാണ് ലാല്‍ഗോട്ര നൽകുന്നത് എന്ന് കർഷകനും കൃഷി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് യോജിച്ച നെല്ലിനം എന്നതിന് വിളവ് തന്നെ തെളിവ്.ഓല കരച്ചിൽ, വേരു ചീയൽ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് ലാല്‍ഗോട്ര ഇരട്ടി ലാഭമെന്ന് കർഷകൻ നാസർ പറയുന്നു. വിത്ത് ആവശ്യക്കാർക്ക് നൽകുമെന്നും നാസർ വ്യക്തമാക്കി.