വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം ഉടൻ നൽകും. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.
ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവയുടെ കാൽപാദം കാണുന്നത്. ആസമയം, തന്നെ വനംവകുപ്പിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് കടുവ ഓടിപ്പോയെന്ന് കരുതിയ വഴിയും നാട്ടുകാർ തന്നെ കാണിച്ചുകൊടുത്തു. എന്നാൽ നാട്ടുകാർ കാണിച്ചുകൊടുത്ത പ്രദേശത്ത് പരിശോധനയ്ക്ക് വനംവകുപ്പ് തയ്യാറായില്ല. അവർ മടങ്ങിയതിന് പിന്നാലെ കൃഷി പണിക്കായെത്തിയ തോമസിനെ കടുവ ആക്രമിക്കുകയായിരുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.