ആരോഗ്യമുണ്ടായ കാലം മുതല്‍ മണ്ണില്‍ പണിയെടുത്തിട്ടും കൃഷി ചതിച്ച് കടബാധ്യത ഏറിയപ്പോള്‍ ജീവനൊടുക്കേണ്ട സ്ഥിതിയായി ഇടുക്കി പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാരന്. പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാതെ ജീവന്‍ ഹോമിച്ച ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് അറുപതുകാരന്‍ ശ്രീകുമാരന്‍. വിലത്തകര്‍ച്ചയും പ്രളയം വരുത്തിയ ദുരിതവും മൂലം കാര്‍ഷികവൃത്തിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് മറ്റ് കര്‍ഷകരും.
ഓര്‍മ്മ വച്ച കാലം മുതല്‍ കൃഷിയില്‍ അച്ഛനെ സഹായിച്ചു വന്ന ഒരു മകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം. വര്‍ഷങ്ങളായി സ്വന്തം ഭൂമിയില്‍ കുരുമുളകും, കാപ്പിയും, ജാതിയും ഏലവും ഒടുവില്‍ പച്ചക്കറിയും കൃഷി ചെയ്തിരുന്നു. എന്നാല്‍ എല്ലാം തകര്‍ത്തെറിഞ്ഞ പ്രളയം ശ്രീകുമാരന്‍റെ കൃഷിയിടത്തിലും നാശം വിതച്ചു. മിച്ചമുണ്ടായിരുന്ന കൃഷിയില്‍ നിന്നുള്ള ആദായവും ഇല്ലാതായി. ബാങ്ക് വായ്പയുടെ പലിശ കുമിഞ്ഞുകൂടി. ഗത്യന്തരമില്ലാതെ ശ്രീകുമാരന്‍ ജീവിതം അവസാനിപ്പിച്ചു.
വിളകളുടെ വിലയിടിവ് കര്‍ഷകന്‍റെ നട്ടെല്ല് ഒടിക്കുകയാണ്. ഒരു കിലോ കുരുമുളകിന് എഴുനൂറ് രൂപ വിലയുണ്ടായിരുന്നിടത്ത് ഇന്ന് മുന്നൂറില്‍ താഴെയായി വില.