വയനാട്ടിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വേറിട്ട ഒരു ആരാധകനെ കാണാനായി. നൂറുവയസ്സു പിന്നിട്ട കിഴങ്ങനാൽ പത്രോസ് എന്ന വയോധികൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാൻ ശുദ്ധമായ കാട്ടുതേനുമായാണ് എത്തിയത്.
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് എത്തിയതറിഞ്ഞ് അവശതകൾ മറന്ന് ഓടിയെത്തിയതാണ് കിഴങ്ങനാൽ പത്രോസ് എന്ന ആരാധകൻ. നെഹ്റു കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന നൂറു വയസ്സ് പിന്നിട്ട ഈ ഗാന്ധിയൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാനായി ശുദ്ധമായ കാട്ടുതേനും കയ്യിൽ കരുതിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തെ മറികടന്ന് രാഹുലിനെ ദൂരെനിന്ന് കാണാൻ പോലും കഴിയാതെയാണ് പത്രോസ് മടങ്ങിയത്.
കോലഞ്ചേരിക്കാരനായ പത്രോസ് 89 വർഷം മുമ്പാണ് വയനാട്ടിലെ പുൽപ്പള്ളിയിലേക്ക് കുടിയേറിപ്പാർത്തത്. ഇന്ദിരാഗാന്ധിയുടെ കാലത്തെ സജീവ രാഷ്ട്രീയക്കാരനായ പത്രോസിന്റെ മനസിൽ അക്കാലത്തെ മുദ്രാവാക്യങ്ങൾ മായാതെ കിടപ്പുണ്ട്. ഇന്ദിരയുടെയും രാജീവിന്റെയും മറ്റു ദേശീയ നേതാക്കളുടെയും ഫ്രെയിം ചെയ്ത ഫോട്ടോകളുമായാണ് പത്രോസിന്റെ സഞ്ചാരം.