ദേശീയപാതക്കായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കുടുംബ സംഗമം നടന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിലെ മിക്ക സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടന്നത്. കാലങ്ങളായി തുടരുന്ന സമരത്തിന് പരിഹാരം കാണുമെന്ന് ഓരോ സ്ഥാനാര്‍ഥിയും ഉറപ്പ് നല്‍കി. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.
കൂനമ്മാവ് ചിത്തിരകവലയിലെ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിലാണ് ഇവര്‍ ഒത്തുകൂടിയത്. മുന്‍പ് ദേശീയപാതക്കായി കുടിയൊഴിഞ്ഞവരാണ് വീണ്ടും എന്‍.എച്ച് ബൈപ്പാസിനായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വര്‍ഷങ്ങളായി സമരം ചെയ്യുന്ന ഇവരുടെ പ്രശ്നങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടേയും മുന്‍പില്‍ എത്തിക്കുക എന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു സംഗമം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ സമര പന്തലില്‍ എത്തി സമരക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അറിയിച്ചു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വി.എം ഫൈസല്‍, സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ സ്ഥാനാര്‍ഥി ഷാജഹാന്‍ അബ്ദുല്‍ ഖാദര്‍, മണ്ഡലത്തിലെ ഏക വനിത സ്ഥാനാര്‍ഥി ലൈല റഷീദ് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവ് ഫോണിലൂടെ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു.