കല്യാശ്ശേരിയില്‍ യു.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നാളെ പരിശോധിക്കും. ബൂത്തിലുണ്ടായിരുന്നവരുടെ മൊഴി കാസര്‍ഗോഡ് കളക്ടര്‍ രേഖപ്പെടുത്തി. അതേസമയം തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന പരാതി പരിശോധിച്ച് കാസര്‍ഗോഡ് കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.
കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശ്ശേരിയിലെ 69, 70 ബൂത്തുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നായിരിന്നു എല്‍.ഡി.എഫിന്റെ പരാതി. തെളിവായി ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചും ഉദ്യോഗസ്ഥറുടെ മൊഴി രേഖപ്പെടുത്തിയും കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍ ജില്ലകളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് അവധിയായതിനാല്‍ നാളെ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ആണെന്ന് തെളിഞ്ഞാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കമ്മീഷന്‍ കടക്കും. അതേസമയം തൃക്കരിപ്പൂര്‍ 48ാം ബൂത്തില്‍ ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ കാസര്‍ഗോഡ് കലക്ടര്‍ ഡി.സജിത്ത് ബാബു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആരോപണ വിധേയനായ കെ.ശ്യാംകുമാറില്‍ നിന്നും കലക്ടര്‍ മൊഴിയെടുത്തു. വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയപ്പോള്‍ ബി.എല്‍.ഒ സ്ലിപ്പ് മാത്രമായിരുന്നു കൈയില്‍ ഉണ്ടായിരുന്നതെന്നും പ്രീസൈഡിംങ് ഓഫിസറുടെ നിര്‍ദേശമനുസരിച്ച് തിരിച്ചറിയില്‍ രേഖ എടുത്തശേഷം ബൂത്തില്‍ മടങ്ങിയെത്തുകയായിരുന്നു എന്നാണ് ശ്യാംകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. അതേസമയം എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന്റെ തുടര്‍നടപടികള്‍ക്കായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കിയേക്കും.