India Kerala

കള്ളവോട്ട്; പത്ത് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂരില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കൂടി കേസെടുത്തു. 9 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയുമാണ് കേസ്. കള്ളവോട്ടില്‍‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സി.പി.എമ്മിനെ വെള്ള പൂശാനാണെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. പൊലീസ് ബാലറ്റ് അട്ടിമറിച്ചതിന് പിന്നിലെ ഡി.ജി.പിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ഉയര്‍ത്തി.

പാമ്പുരത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം ബൂത്തില്‍ കള്ളവോട്ട് ചെയ്ത 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ധര്‍മ്മടം 52 ആം ബൂത്തില്‍ കള്ള വോട്ട് ചെയ്ത ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയുമാണ് കേസ്. വളപട്ടണം,കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍‌ 171, സിഡിഎഫ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. കള്ളവോട്ടിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ തൃപ്തിയില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ഡി.ജി.പിയെ പ്രതികൂട്ടില്‍ നിര്‍ത്താനായിരുന്നു മുല്ലപ്പള്ളിയുടെ ശ്രമം. വോട്ടര്‍ പട്ടികയില്‍ ബി.എല്‍.ഒമാരെ ഉപയോഗപ്പെടുത്തി നടത്തിയ അട്ടിമറിയടക്കം പരിശോധിക്കാനായി കെ.പി.സി.സി കമ്മീഷനെ നിയോഗിച്ചു.