India Kerala

രണ്ട് വൃക്കകളും തകരാറിലായ ഫൈസല്‍ സന്മനസുള്ളവരുടെ കരുണ തേടുന്നു

രണ്ട് വൃക്കകളും തകരാറിലായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി പുന്നോര്‍ത്ത് ഫൈസല്‍ വൃക്ക മാറ്റിവെക്കാനും, ജീവിക്കാനും വേണ്ടി പെടാപ്പാട് പെടുകയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 50 ലക്ഷത്തോളം രൂപ ചിലവാകും. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള ഫൈസലിന് സ്വന്തമായി സ്ഥലമോ കയറികിടക്കാന്‍ വീടോ ഇല്ല.

മരുന്നിന്റെ ബലത്തിലാണ് ഫൈസല്‍ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കുന്നത്. കാലിന് നീര് വന്നപ്പോള്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ രണ്ട് വൃക്കകളും തകര്‍ന്നതാണ് അസുഖത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താതെ വ്യക്കയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തി. പക്ഷെ അതെല്ലാം പരാജയപ്പെട്ടു. രക്തബന്ധത്തിലുള്ള ആരും വൃക്ക നല്‍കാനില്ലാത്തതുകൊണ്ട് ഒ നെഗറ്റീവ് വ്യക്ക തന്നെ വേണ്ടിവരും. ഇത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഒപ്പം 50 ലക്ഷത്തോളം രൂപയും വേണ്ടി വരും.

ആഴ്ചയില്‍ മൂന്ന് ദിവസം നിലവില്‍ ഡയാലിസിസുണ്ട്. വാടക വീട്ടിലാണ് ഫൈസല്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. ഫൈസലിന്റെ ചികിത്സക്കും, ഒരു വീട് വെച്ച് കൊടുക്കുന്നതിനും വേണ്ടി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.