India Kerala

പ്രതിക്ഷയര്‍പ്പിച്ച് കുട്ടനാടൻ ജനത

ലക്ഷ്യം കാണാതെ പോയ ഒന്നാം കുട്ടനാട് പാക്കേജിന് ബദലായി 2400 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. കർഷകരുമായി ആലോചിച്ച് രണ്ടാം പാക്കേജ് പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുട്ടനാടൻ ജനത. കുട്ടനാടിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് 1840 കോടി രൂപയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ചുരുക്കം ചില പാടശേഖരങ്ങൾക്ക് സമീപം പുറം ബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതി പോലും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല.

മഹാപ്രളയകാലത്ത് ഒന്നാം പാക്കേജിന്‍റെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ ബജറ്റിൽ 1000 കോടിയാണ് ധനമന്ത്രി തോമസ് ഐസക്ക് രണ്ടാം കുട്ടനാട് പാക്കേജായി പ്രഖ്യാപിച്ചത്. എന്നാൽ വകുപ്പുകളുടെ ഏകോപനമില്ലാതെ രണ്ടാം പാക്കേജ് തുടങ്ങാനാകില്ലെന്ന് കൃഷി വകുപ്പ് കർശന നിലപാടെടുത്തു.

വെള്ളപ്പൊക്കം തടയാനും പുറംബണ്ട് നിർമ്മിക്കാനുമായി 74 കോടി രൂപ, കായൽ ശുചീകരണത്തിന് 10 കോടി, കൃഷിക്ക് 20 കോടി, ഉൾനാടൻ മത്സ്യകൃഷിക്ക് 11 കോടി, താറാവ് കൃഷിക്ക് ഏഴുകോടി, തോട്ടപ്പള്ളി സ്പിൽവേ വികസനത്തിന് 280 കോടി ,എ.സി റോഡ് നവീകരണത്തിന് 450 കോടി, കുടിവെള്ള പദ്ധതിക്ക് 291 കോടി തുടങ്ങി 2400 കോടിയുടെ പദ്ധതി രേഖ പ്ലാനിങ് ബോർഡ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്‌.