പ്രവാസി ഇന്ത്യക്കാർക്ക് ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ നാട്ടിലെത്തണം. ലോക്സഭ പാസാക്കിയെങ്കിലും പ്രോക്സി വോട്ട് ബിൽ രാജ്യസഭയിൽ കൊണ്ടു വരാനോ ഓർഡിനൻസ്
പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികൾക്ക്
തിരിച്ചടിയായത്.
പ്രവാസികൾക്കു വോട്ടവകാശം അനുവദിച്ച് 2010ൽ രണ്ടാം യുപിഎ സർക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് ഡോ. ശംഷീർ വയലിൽ സുപ്രിം കോടതിയിൽ ഹരജി നൽകുന്നത് . 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിഷയം പരിശോധിക്കാൻ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട്
നിർദേശിച്ചതായിരുന്നു.
ഒടുവിൽ പ്രോക്സി വോട്ട് അനുവദിക്കുന്ന ബിൽ ആഗസ്ത് 9നാണ്
ലോക്സഭ പാസാക്കിയത്. ലാപ്സായ മറ്റു പല ബില്ലുകളും ഓർഡിനൻസ്
രൂപത്തിൽ കൊണ്ടുവന്ന കേന്ദ്രം ഇക്കാര്യത്തിൽ പക്ഷെ, തണുത്ത നിലപാടാണ് കൈക്കൊണ്ടത്. വോട്ടു ചെയ്യാൻ സാധിക്കാത്തതിന്റെ സങ്കടം തന്നെയാണ് പരദേശികൾ പങ്കുവയ്ക്കുന്നത്. രാഷ്ട്രീയ, ഭരണ സംവിധാനത്തിന്റെ പ്രവാസി വിരുദ്ധ സമീപനത്തിന്റെ തുടർച്ചയാണ്
ഇവിടെയും കാണുന്നത്.