Kerala National

പ്രവാസികളുടെ ക്വാറന്‍റൈന്‍: കേരളത്തിന്‍റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറക്കണമെന്ന കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്‍റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

നിലവിൽ വിദേശത്ത് നിന്ന് എത്തിയവരുടെ ഏഴ് ദിവസത്തെ നിരീക്ഷണം കഴിയാറായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സർ‍ക്കാർ മറുപടി നൽകി. കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 14 ദിവസത്തെ സർക്കാർ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ഇതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വിദേശ രാജ്യങ്ങളിൽ നോഡൽ ഓഫീസേഴ്സ് ഉണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മെഡിക്കൽ ടീം അയക്കുന്നത് അതാത് രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമാണെന്നും അല്ലാതെ അയക്കാൻ ആവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കുവൈത്തിലേക്കും യുഎഇയിലേക്കും മാത്രം അയച്ചുവെന്നും എംബസിയിലേക്ക് അയക്കാൻ സാധിക്കും എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.