ട്രഷറി നിയന്ത്രണത്തിന് നേരിയ ഇളവ്. ഡിസംബര്‍ 7 വരെ സമര്‍പ്പിച്ച ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പോസ്റ്റല്‍ സ്റ്റാമ്പുകള്‍ വാങ്ങാനും അനുമതി. അതേ സമയം സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
നവംബര്‍ 15 നാണ് ട്രഷറി പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലുകള്‍ മാറുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആ നിയന്ത്രണത്തിന് ഒരു മാസമാകുമ്പോഴാണ് നേരിയ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഈ മാസം 7 വരെ സമര്‍പ്പിച്ചതും മാറി നല്‍കാത്തതുമായ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാമെന്നാണ് പുതിയ നിര്‍ദേശം.
പോസ്റ്റല്‍ സ്റ്റാമ്പുകള്‍ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റേഷനറികള്‍ വാങ്ങുന്നതുള്‍പ്പടെ ചെറിയ ചിലവുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മറ്റു വലിയ ചിലവുകള്‍ക്കുമുള്ള നിയന്ത്രണത്തില്‍ ഒരു മാറ്റവും വരില്ല. പോസ്റ്റല്‍ സ്റ്റാമ്പുവാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാരെന്ന് പുതിയ സര്‍ക്കുലറിലൂടെ തെളിഞ്ഞതായി പ്രതിപക്ഷം പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും വായ്പാ പരിധി വര്‍ധിപ്പിക്കാത്തതുമാണ് വലിയ നിയന്ത്രണമേര്‍പ്പടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ നികുതി പിരിവിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെ നിരത്തി സര്‍ക്കാര്‍ നടപടികള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന് ധവള പത്രത്തിലൂടെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്താനുള്ളതാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത് കൂടിയാണ് ട്രഷറി ഡയറക്ടറുടെ പുതിയ ഉത്തവ്.