Kerala

കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു

കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്സൈസ് അന്വേഷണത്തിനായി എത്തിയത്.

റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ്‌ കടന്നൽ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ചു ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നതു കണ്ടു സംശയം തോന്നിയ എക്സൈസ് സംഘം ജീപ്പ് നിർത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുമ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം. ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നു.

അതുവഴി കടന്നുപോയ പല യാത്രക്കാർക്കും കടന്നൽ കുത്തേറ്റു. പരുക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്സൈസ് ഓഫീസർ ഷിജിൻ എന്നിവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എക്സൈസ്സ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ജീപ്പിലും കടന്നലുകൾ കയറിയെങ്കിലും വാഹനം അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം ദൂരെ മാറ്റിയിട്ട് കടന്നലുകളുടെ തുരത്തുകയായിരുന്നു.