കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വട്ടംകറങ്ങി ത്രിവൽസര എൽഎൽബി വിദ്യാർഥികൾ. മതിയായ ക്ലാസുകൾക്ക് അവസരം നൽകാതെ ഇടവേളകളില്ലാത്ത തരത്തിലാണ് പരീക്ഷ നടത്തിപ്പ്. ആറു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ട് സെമസ്റ്ററുകളടെ പരീക്ഷകളാണ് സർവകലാശാല ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
2018ലെ ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള പരീക്ഷകൾ നീണ്ടുപോയപ്പോൾ പരാതിയുമായി വിദ്യാർഥികൾ കോടതിയിൽ പോയി. ഇതോടെ സർവകലാശാല നിയമവിദ്യാർഥികൾക്ക് വിചിത്രമായൊരു പരീക്ഷ കലണ്ടർ പ്രഖ്യാപിച്ചു. ജൂണില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ, ജൂലൈയില്‍ ഇംപ്രൂവ്മെന്‍റ് , ഈമാസം മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളും കലണ്ടറിലുണ്ട്. അതായത് 18ാം തീയതി മൂന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് 24ന് നാലാം സെമസ്റ്റർ പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് നിയമ വിദ്യാർഥികൾ. നാലാം സെമസ്റ്ററിന്‍റെ ക്ലാസുകള്‍പോലും കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി പരീക്ഷ എഴുതി വലഞ്ഞ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ സമീപിച്ചിട്ടും രക്ഷയില്ല. എല്ലാ പരീക്ഷകളും എത്രയും വേഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്നായിരുന്നുവെന്നാണ് സർവകലാശാലയുടെ നിലപാട്. മതിയായ ക്ലാസുകൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഇന്റേണൽ പ്രവർത്തനങ്ങൾ, സെമിനാർ അടക്കമുള്ളവ പൂർത്തീകരിക്കാനും സമയം കിട്ടാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. തങ്ങളുടെ മൌലിക അവകാശങ്ങളെ പോലും കാറ്റിൽ പറത്തുന്നതിനെ നിയമപരമായി നേരിടാനാണ് നിയമ വിദ്യാർഥികളുടെ തീരുമാനം.