അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ അഘോഷമാക്കേണ്ടത് ഉണ്ടോയെന്നും യൂജിൻ പെരേര ചോദിക്കുന്നു. ( eugine perera on vizhinjam port )
‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല. ക്രെയിനുമായുളള ബാർജ് ആണ് ഇപ്പോൾ എത്തിയത്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല. കൊണ്ടുവന്ന ക്രെയിൻ സ്ഥാപിക്കാൻ പോലും സൗകര്യമില്ല’ യൂജിൻ പെരേര പറഞ്ഞു.
കേരളം വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു മാമാങ്കമെന്ന് യൂജിൻ പെരേര ചോദിച്ചു.
വിഴിഞ്ഞത്തെ പാരിസ്ഥിതിക സാമൂഹിക അഘാത പഠന റിപോർട്ട് ഇതുവരെ ആയില്ലെന്നും മത്സ്യതൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പറഞെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണെന്നും വിഴിഞ്ഞം – നാവായിക്കുളം റോഡിന് വീടും ഭൂമിയും വിട്ടു നൽകിയവർ ഇപ്പോൾ പെരുവഴിയിലാണെന്നും ആരോപിച്ച യൂജിൻ പെരേര സർക്കാർ വാക്ക് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.മുതലപ്പാഴിയിൽ ഇപ്പൊഴും അപകടങ്ങൾ നടക്കുന്നുണ്ട്. കേരളത്തിന്റെ ഓരോ വികസന പദ്ധതികളും ജനങ്ങൾക്ക് വലിയ തലവേദന ആയിരിക്കുമെന്നും തുറമുഖം കേരളത്തിന് വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും ഉണ്ടാക്കുമെന്നും യൂജിൻ പെരേര പറഞ്ഞു.
വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിനെ സ്വീകരിക്കുന്ന പരിപാടിയിൽ സർക്കാർ ലത്തീൻ അതിരൂപതയെ ക്ഷണിച്ചിട്ടില്ലെന്നും യൂജിൻ പെരേര പറഞ്ഞു.