India Kerala

‘സഭയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനത്തിന് നിന്നുകൊടുക്കില്ല’; സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ഫാ. യൂജിൻ പെരേര

സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. തുറന്ന മനസോടെയുള്ള സമീപനമാണുള്ളത്. മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഏതു ചർച്ചയ്ക്കും തയാറാണ്. യോഗങ്ങൾ വിളിച്ച് സഭയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനത്തിന് നിന്നുകൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിതല ചർച്ചയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. വസ്തുതകളെ അടുത്തുനിന്ന് നോക്കിക്കാണണം. വിദ്ഗധരായ മത്സ്യതൊഴിലാളികളുടെ അഭിപ്രായം കേൾക്കണം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാനി കമ്പനി നഷ്ടപരിഹാരം നൽകണം. വിഷയങ്ങൾ മന്ത്രിതല സമിതി ചർച്ച ചെയ്യണം. തനിക്കുള്ളത് ജനപക്ഷ രാഷ്ട്രീയമെന്നും കക്ഷി രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

പൊഴിയിൽ അടിയുന്ന മണൽ പമ്പ്‌ ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര ചർച്ചകൾ സജീവമായത്. അതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ ഫിഷറീസ് വിദഗ്ധരടങ്ങിയ കേന്ദസംഘം ഇന്ന് മുതലപ്പൊഴി സന്ദർശിക്കും. നാളെ അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതാലപ്പൊഴിയിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.